സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതികൾ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികളൂടെ എണ്ണം കൂടിയ സ്കൂളുകളിൽ ഷിഫ്‌റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുകയെന്നും സമാന്തരമായി ഓൺലൈൻ ക്ലാസുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചര്‍ച്ചകള്‍ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സ്കൂളുകൾ പ്രവർത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക.
സ്കൂളുകൾ തുറക്കുന്നത് നവംബർ ഒന്നിനാണെങ്കിലും ഒക്ടോബര്‍ 15ന് മുന്‍പായി വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.