സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐ. എം. ജിയിൽ നടക്കുന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇവ ഇന്റർ യൂണിവേഴ്‌സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായാണ് ആരംഭിക്കുക. പഠനത്തോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ട് ഏൺ ബൈ ലേൺ പരിപാടി നടപ്പാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ തൊഴിൽദാതാക്കളായി മാറാൻ സഹായിക്കുന്ന വിധത്തിൽ ഇൻകുബേഷൻ കേന്ദ്രങ്ങളും സ്റ്റാർട്ട്അപ്പ് കേന്ദ്രങ്ങളും ആരംഭിക്കുന്നത് പാഠ്യപദ്ധതിയിൽ സർവകലാശാലകൾ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാഡമിക് നിലവാരം ഉയർത്താൻ പാഠ്യപദ്ധതിയെ സമകാലികവത്ക്കരിക്കാനാകണം.
ലോകത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രതിഭകളുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിന് നേരത്തേ ആവിഷ്‌കരിച്ച എമിനന്റ് സ്‌കോളർ ഓൺലൈൻ എന്ന സേവനം ഉപയോഗിക്കണം.
എല്ലാ സർവകലാശാലകളും ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടുന്ന നിലയെത്തണം. ഇതിന് ഉതകും വിധം അക്കാഡമിക് നിലവാരവും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ വകുപ്പും മികവ് പുലത്തണം. എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പരിശോധന നടത്തണം. പൂർണമായും ജനാധിപത്യ രീതിയും സ്ഥാപനത്തിന്റെ സ്വയംഭരണവും പരിഗണിച്ചാകണം പരിശോധന.
ഇത്തരം പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തേണ്ട മേഖല കണ്ടെത്തി അതിനായി രൂപരേഖ തയ്യാറാക്കണം. ഇത് സമയബന്ധിതമായി പ്രായോഗികമാക്കാനുള്ള ആസൂത്രണവും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ് എന്നിവർ സംബന്ധിച്ചു.