കോട്ടയം: സ്‌കൂൾ തുറക്കുമ്പോൾ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത് മനോഹരമായ ഇരിപ്പിടങ്ങളും ഡെസ്‌കും.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാലു സർക്കാർ സ്‌കൂളുകൾക്കാണ് ആധുനിക രീതിയിലുള്ള ബെഞ്ചും ഡെസ്‌കും നൽകിയത്. ആദ്യഘട്ടമായി 54 എണ്ണം വിതരണം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പഠനോപകരണങ്ങൾ പ്രധാനാധ്യാപകർക്ക് കൈമാറി. പഞ്ചായത്തിന്റെ 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൂവരണി സർക്കാർ യു.പി., പാറപ്പള്ളി സർക്കാർ എൽ.പി., കൂവത്തോട് സർക്കാർ എൽ.പി., വിളക്കുമാടം സർക്കാർ എൽ.പി. സ്‌കൂളുകൾക്കാണ് ബെഞ്ചും ഡെസ്‌കും നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.