വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി ഓരോ സ്കൂളിലും ചുരുങ്ങിയത് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ-സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
സ്കൂൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.
മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ പിന്തുണ അറിയിച്ചത്. 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു. മേയർമാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗവും ഇന്ന് നടന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. DDE, RDD, AE എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും എയ്ഡഡ് സ്കൂൾ മാനേജർമാരുടേയും യോഗം വിളിച്ചുചേർക്കാൻ DDEമാർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗങ്ങളിൽ പങ്കെടുത്തു.