സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്ന വേളയിൽ സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വളണ്ടിയർമാക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി എൻഎസ്എസ് നിർമിച്ച് നൽകിയ 25 വീടുകളുടെ താക്കോൽ ഓൺലൈനിലൂടെ കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓൺലൈൻ വിദ്യാഭ്യാസത്തിനിന്നും നാം തിരികെ ക്ലാസ് മുറികളിലേക്ക് മടങ്ങുകയാണ്. സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എൻഎസ്എസ് വളണ്ടിയർമാരും തയാറെടുപ്പ് നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭവനരഹിതരില്ലാത്ത കേരളം എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 2.50 ലക്ഷം വീടുകൾ നൽകിയത്.
ഇതുകൂടാതെ ദുർബല വിഭാഗങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ മഹാപ്രളയത്തിലും പിന്നീടുണ്ടായ പ്രകൃതിക്ഷേഭത്തിലും തകർന്ന വീടുകൾ പുനർനിർമിക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം നിരവധി പ്രതിസന്ധികൾ സംസ്ഥാനം നേരിട്ടു. അപ്പോഴൊക്കെ അനിതരസാധാരണമായ സഹകരണം പ്രകടിപ്പിക്കുകയും പരസ്പരം താങ്ങാകുകയും ചെയ്തു നാം.
സഹജീവികൾക്ക് തുണയാവുകയെന്ന ഉദാത്തമായ മാനവികതയാണ് ഇപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന 25 വീടുകളുടെ നിർമാണം സാധ്യമാക്കിയത്. ഇത്തരം മാനവിക മൂല്യങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങളെ ഉറപ്പിച്ചുനിർത്താൻ എൻഎസ്എസിന് കഴിയുന്നുവെന്നത് അഭനന്ദനീയമാണ്. ഇത് ആദ്യമായല്ല ഹയർസെക്കണ്ടറി എൻഎസ്എസ് ഭവനപദ്ധതികൾ ഏറ്റെടുക്കുന്നത്. 2017 ൽ രജതഭവനം പദ്ധതിയും 2019 ൽ സുവർണ ഭവനം പദ്ധതിയും നടപ്പിലാക്കി. 2017-18 മുതൽ 2020-21 വിദ്യാഭ്യാസ വർഷംവരെ 463 വീടുകളാണ് ഹയർസെ്കൻഡറി വിദ്യാർത്ഥികളുടെ ശ്രമഫലമായി എൻഎസ്എസിന് നിർമ്മിച്ചു നൽകിയതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.