നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകളിൽ തുറക്കുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിടണമോ വേണ്ടയോ എന്ന രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് വിവിധ അധ്യാപക-അനധ്യാപക സംഘടനകളെ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് നടത്തിയ യോഗത്തിൽ തീരുമാനമായി. വിദ്യാർഥികൾ നിർബന്ധമായും സ്കൂളുകളിൽ എത്തണമെന്ന് നിർദ്ദേശം ഉണ്ടാകില്ല. രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികളെ സ്കൂളിൽ അയക്കാം. അധ്യാപകർ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം .
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏകോപന ചുമതല അതത് ജില്ലാ കളക്ടർമാർക്കായിരിക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകൾ പ്രധാന അധ്യാപകർ മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കും. കോവിഡ് വ്യാപനം തടയാൻ സ്കൂൾ തലത്തിൽ ജാഗ്രതാ സമിതിയും രൂപീകരിക്കും. ഒക്ടോബർ 5നകം അന്തിമ മാർഗരേഖ പുറത്തിറക്കാനും തീരുമാനമായി.